റസൂൽ (സ) ഓർമ്മപ്പെടുത്തിയത് പോലെ " എല്ലാ മക്കളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. പക്ഷേ അവരെ ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ ആക്കി മാറ്റുന്നത് അവന്റെ രക്ഷിതാക്കളാണ്". നമ്മുടെ മക്കളുടെ അധപതനത്തിന്റെ നിരവധി കഥകളാണ് നാം ദിനേന കേൾക്കുന്നത്. എന്നാൽ അവർ എത്തിച്ചേരുന്ന ഉയർച്ച താഴ്ചകളിൽ പ്രധാന പങ്ക് നമ്മുടേതാണെന്നാണ് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നത്. ഒരു കുഞ്ഞിനെ സംബന്ധിച്ച് അവന്റെ പ്രഥമ വിദ്യാലയം സ്വന്തം രക്ഷിതാവിന്റെ മടിത്തട്ടാണ്. അവർ ആദ്യം സ്വായത്തമാക്കേണ്ട അദബിന്റെ പാഠങ്ങൾ അവിടെ നിന്നുമാണ് ലഭിക്കുന്നത് . അതിനെ തേച്ചു മിനുക്കി പരിപോഷിപ്പിക്കുകയാണ് പിന്നീട് ഒരു അധ്യാപകൻ ചെയ്യേണ്ടത്. ചുരുക്കത്തിൽ ആദ്യം സൂചിപ്പിച്ചതുപോലെ ഇരുലോകത്തും അവർ നമുക്ക് അനുഗ്രഹമാവാൻ നമ്മൾ ആയിരിക്കണം അവരുടെ മാതൃക. യഥാർത്ഥത്തിൽ രക്ഷിതാവിൽ നിന്ന് ലഭിക്കേണ്ട സ്നേഹവും കരുതലും തദവസരത്തിൽ ലഭിക്കാതെ പോകുമ്പോഴാണ് മക്കൾ അസാന്മാർഗികതകളിലേക്ക് സ്നേഹം തേടിപ്പോവുന്നത്.
സ്വാലിഹീങ്ങളായ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് രക്ഷകർതൃത്വത്തിൽ ഏറെ പ്രധാനപ്പെട്ട ഘടകം. ആ ഗണത്തിലുള്ള മക്കൾ ജീവിതയാത്രയിൽ നമുക്ക് ശക്തിയും തണലും ആയിരിക്കും. പരലോകനാളുകളിൽ സ്വർഗ്ഗ പ്രവേശം സാധ്യമാക്കിത്തരുന്ന മക്കളെയാണ് നാം വാർത്തെടുക്കേണ്ടത്. അതിനാലായിരുന്നു നംറൂദിന്റെ അഗ്നികുണ്ഡാരത്തിൽ നിന്ന് രക്ഷപ്പെട്ട ഇബ്രാഹിം നബി ഇപ്രകാരം പ്രാർത്ഥിച്ചത്:'എന്റെ രക്ഷിതാവേ, സൽവൃത്തരിൽ പെട്ട ഒരു സന്താനത്തെ നീ എനിക്ക് ഔദാര്യമായി നൽകണേ'. അദ്ദേഹത്തിന്റെ മനമുരുകിയുള്ള പ്രാർത്ഥനയ്ക്കുള്ള അല്ലാഹുവിന്റെ ഉത്തരമായിരുന്നു ഇസ്മായിൽ (അ)മെന്ന ഉത്തമ സന്താനം. " സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു" എന്നാണ് അല്ലാഹു തആല ഓർമ്മപ്പെടുത്തുന്നത്. ആ അലങ്കാരങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തുമ്പോൾ അവ പരലോകത്തും നമുക്ക് ഉപയോഗയോഗ്യമാവുന്നു എന്ന് സാരം. കാരണം നല്ലവരായ മക്കൾ ചെയ്യുന്ന സൽക്കർമ്മങ്ങളിൽ ഒരു പങ്ക് മാതാപിതാക്കൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഖുർആൻ വിളംബരം ചെയ്യുന്നുണ്ട്.
സന്താന പരിപാലനത്തിലെ മറ്റൊരു സുപ്രധാന ഘടകം മക്കളെ അവരോടൊപ്പം നിന്ന് മനസ്സിലാക്കുക എന്നതാണ്. എന്താണ് അവരുടെ കഴിവുകൾ?, അവരിൽ ഉറങ്ങിക്കിടക്കുന്ന വാസനകൾ ഏതൊക്കെയാണ്? എന്നു മനസ്സിലാക്കി അല്ലാഹു അവർക്ക് നൽകിയ ജന്മസിദ്ധികൾ തിരിച്ചറിഞ്ഞ് അതിൽ അവരെ മിനുക്കിയെടുക്കാൻ ഒരു രക്ഷിതാവിന് സാധിക്കണം. കൂടാതെ കുട്ടി നേരിടുന്ന പ്രശ്നങ്ങളെയും രക്ഷിതാവ് അതേ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. സ്വന്തം മക്കളെ നല്ലൊരു സാമൂഹിക ജീവിയായും ഉത്തമ പൗരനായും വളർത്തിയെടുക്കൽ കൂടിയാണല്ലോ പാരന്റിങ് എന്ന കല. കുട്ടി വളരുന്ന ചുറ്റുപാടും അവനോടുള്ള മറ്റുള്ളവരുടെ പെരുമാറ്റവും അവന്റെ ഭാവിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നമ്മൾ പലപ്പോഴും പരീക്ഷയ്ക്ക് കുറഞ്ഞുപോയ മാർക്കിന്റെയോ പുറകിലോട്ടു പോയ ക്ലാസിലെ സ്ഥാനത്തിന്റെയോ പേരിൽ മക്കളെ കുറ്റപ്പെടുത്തുന്നവരാണ്. ഒരിക്കലും തന്റെ മക്കളെക്കാൾ പഠനമികവ് കാണിക്കുന്ന മറ്റു കുട്ടികളുമായോ സഹപാഠികളുമായോ അവരെ താരതമ്യം ചെയ്യരുത്. എല്ലാ കുട്ടികളുടെയും പഠനമികവ് സമാനമായിരിക്കണമെന്നില്ലല്ലോ. മറിച്ച് ചില കുട്ടികൾ പഠനത്തിൽ മികവു പുലർത്തുമ്പോൾ മറ്റുചിലർ ചിത്രരചന പോലുള്ള കലാരംഗങ്ങളിൽ മികവു പുലർത്തും. മറ്റു ചിലരുടെ മികവ് കായികരംഗത്തായിരിക്കും. ഓരോ മനുഷ്യന്റെയും സൃഷ്ടിപ്പ് അല്ലാഹു നടപ്പിലാക്കിയത് വ്യത്യസ്ത രീതിയിലാണ്. എന്നാൽ അതൊക്കെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ആദ്യ പരിശീലനക്കളരി സ്വന്തം വീടായിരിക്കണം. അവരുടെ ഓരോ നേട്ടങ്ങളിലും അകമഴിഞ്ഞ് അഭിനന്ദിക്കാൻ മറന്നുപോവുകയുമരുത്.
സന്താനത്തിന്റെ ഭാഗമായി വിലമതിക്കുന്ന ജീവിതമൂല്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ രക്ഷിതാവിന്റെ കടമയാണ്. മനുഷ്യജീവിതത്തിൽ പണത്തിനു നൽകേണ്ട മൂല്യം എന്താണെന്നും അതിനെക്കാളുപരി ബന്ധങ്ങളുടെ ഇഴയടുപ്പത്തെ എങ്ങനെയാണ് കാക്കേണ്ടത് എന്നെല്ലാമുള്ള ധാരണ നാം മക്കളിൽ ഉണ്ടാക്കിയെടുക്കണം. സ്നേഹസമൃദ്ധമായ പെരുമാറ്റത്തിലൂടെ തന്നെ റബ്ബിനോടും മാതാപിതാക്കളോടും സമൂഹത്തോടുമുള്ള കടമകൾ എപ്രകാരമാണ് നിർവഹിക്കേണ്ടത് എന്ന് അവർക്ക് നാം പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ ലക്ഷ്യം ഉന്നതമായ ജോലിയും കുറെയധികം പണവും മാത്രമായിരിക്കരുതെന്നും മറിച്ച് അത് ലോകത്തുള്ള എല്ലാത്തരം പ്രായോഗിക അറിവുകളുടെയും സമ്പാദനമാണെന്നും സന്താനങ്ങളെ നാം പഠിപ്പിക്കണം. അതിലൂടെയാണ് റബ്ബിനെ തിരിച്ചറിയാനാവുകയെന്നും കുട്ടി മനസ്സിലാക്കേണ്ടതുണ്ട്.
നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ മക്കളുടെ മാതൃക നമ്മൾ തന്നെയാവണമെന്ന് സൂചിപ്പിച്ചല്ലോ?. അതിനു നാം തന്നെ നല്ല കാര്യങ്ങൾ ചെയ്തു കാണിച്ചു കൊടുക്കണം. സുന്നത്തായ നിസ്കാരങ്ങളിലും മറ്റ് കർമ്മങ്ങളിലുമൊക്കെ അശ്രദ്ധരായ നമ്മൾ മക്കളോട് അത്തരം കർമ്മങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുന്നതിന് യുക്തി എന്താണ്?. അതുകൊണ്ട് നാം ആദ്യം വഴി കാണിച്ചു കൊടുക്കുക എന്നത് പാരന്റിങ്ങിൽ പ്രധാനമാണ്. മക്കളുടെ കാര്യങ്ങളിൽ നാം അവരുടെ ലോകത്തിലേക്ക് ഇറങ്ങി വരികയാണ് ചെയ്യേണ്ടത്. സുഹൃത്തിനെപ്പോലെ കാര്യങ്ങൾ മനസ്സിലാക്കുന്ന രക്ഷിതാക്കളെയാണ് മക്കൾക്കാവശ്യം. അത്തരത്തിൽ നാം മാറുമ്പോൾ കുട്ടിയുടെ കണ്ണിൽ രക്ഷിതാവിനുള്ള സ്ഥാനം നഷ്ടപ്പെടുന്നുവെന്ന് മിഥ്യാധാരണയുള്ളവരുണ്ട്. പക്ഷെ അതിന്റെ ഫലം വലിയ പ്രതീക്ഷയുളവാക്കുന്നതായിരിക്കും.നന്മകൾ റബ്ബിൽ നിന്നുമാണ്,എന്നാൽ മികച്ച പെരുമാറ്റരീതി രക്ഷിതാക്കളിൽ നിന്നും കൈമാറ്റം ചെയ്യപ്പെടുന്നതാണ്. രക്ഷിതാക്കളെന്നാൽ വീട്ടിൽ മുതിർന്നവരായി ആരെല്ലാമുണ്ടോ അവരൊക്കെയും കുട്ടിയുടെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തുന്നവരാണ്. ' എന്റെ ജീവിത സാഹചര്യമാണ് എന്നെ സ്വാധീനിച്ചത്' എന്ന് ചിലർ പറഞ്ഞു കേൾക്കാറുണ്ട്. അത്തരത്തിൽ സാഹചര്യങ്ങൾ അവരെ നന്മയിലേക്കോ തിന്മയിലേക്കോ നയിക്കുന്നു എന്നതാണ് സത്യം. എന്നിരുന്നാലും തെറ്റു മനുഷ്യസഹജനമാണെന്ന് മനസ്സിലാക്കി പൊറുത്തുകൊടുക്കാൻ നമുക്ക് കഴിയണം. മക്കളിൽ നിന്നും വന്നുപോകുന്ന പിഴവുകൾ തിരുത്തുമ്പോൾ അവരുടെ ഹൃദയങ്ങൾക്ക് മുറിവേൽക്കരുത്. മക്കളുടെ തെറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിന് പകരം സദാ കുറ്റപ്പെടുത്തുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ കുറിച്ച് രക്ഷിതാക്കൾ മക്കളെ ഉത്ബോധിപ്പിക്കുകയാണെങ്കിൽ അവനെ ധിക്കരിച്ചു തെറ്റ് ചെയ്യുന്ന വേളയിൽ അതു തന്റെ രക്ഷിതാവിനെ കൂടി വേദനിപ്പിക്കലാണല്ലോ എന്ന ചിന്ത വാത്സല്യപൂർവ്വമായ പരിചരണത്തിലൂടെ അവരിൽ വളർന്നുവരും.
ന്യൂജനറേഷൻ നേരിടുന്ന മുഖ്യ പ്രതിസന്ധിയായ സോഷ്യൽ മീഡിയ അതിപ്രസരത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാവേണ്ടതുണ്ട്. അരാജകത്വത്തിലേക്കും അസാന്മാർഗികതകളിലേക്കും അവരെ നയിക്കുന്നതിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരുവേള ചില രക്ഷിതാക്കളും ഇത്തരം പ്രവണതകൾക്ക് അടിമയാണെന്നുള്ള വാർത്ത ഏറെ ഖേദകരമാണ്. ഇതൊക്കെയും മക്കളുടെ ഭാവിയെ എത്രത്തോളം ആശങ്കയിൽ ആക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഉപകാരവും ഉപദ്രവവും മനസ്സിലാക്കിയിട്ടുള്ള നാം നന്മകളിലേക്ക് മാത്രം അതിനെ ചുരുക്കി സ്വയം നിയന്ത്രിച്ചേ മതിയാവൂ. കാരണം നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത വിധമുള്ള അതിന്റെ അതിപ്രസരം നമ്മുടെ മക്കളുടെ ഭാവി അവതാളത്തിലാക്കുകയാണ് ചെയ്യുന്നത്. എപ്പോഴും അവരുടെ മേൽ ഒരു ശ്രദ്ധ വെച്ച് പുലർത്തണം. അതൊരു കുറ്റാന്വേഷകന്റെ മനോഭാവത്തിലല്ലാതെ ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിലാവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
അതുപോലെതന്നെ മക്കളെ അക്രമാസക്തരാക്കാൻ കെൽപ്പുള്ള ഒരുപാട് കൊലയാളി ഗെയിമുകൾക്കടിമയാണിന്ന് പല കുട്ടികളും. അവരിൽ ചിലരൊക്കെ ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെയാണ് അതിന്റെ അടിമകളായി മരണത്തിനു മുമ്പിൽ സ്വയം അർപ്പിക്കുന്നത്. കൂടാതെ ലഹരിയുടെ പിടിയിൽ അമർന്ന് പോയി അവസാനം തിരിച്ചുവരവില്ലാത്ത വിധം കുട്ടികൾ വീണു പോവാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ മുഴുവനും ആദ്യഘട്ടങ്ങളിൽ രക്ഷിതാക്കൾ ആ വിഷയത്തിൽ ഗൗരവം കാണിക്കാത്തതിലൂടെ ഉണ്ടാവുന്നതാണ്.ചുരുക്കത്തിൽ അല്ലാഹു സമ്മാനിച്ച ബുദ്ധിയും ആരോഗ്യവും അവന്റെ മാർഗത്തിൽ ചിലവഴിക്കുന്നവരാകണം നമ്മുടെ മക്കൾ. രക്ഷിതാവിന്റെ മരണശേഷവും മുറിഞ്ഞു പോകാത്ത സൽക്കർമ്മമാണല്ലോ സ്വാലിഹീങ്ങളായ മക്കൾ. പൂർവസൂരികളുടെ ജീവിതശൈലിയും തഖ്‌വയിലധിഷ്ഠിതമായ അവരുടെ ജീവിതചര്യകളും സന്താനങ്ങളെ ബോധ്യപ്പെടുത്തി അവരെ സന്മാർഗത്തിലേക്ക് എത്തിക്കാൻ നമ്മുടെ പ്രേരണ ഉണ്ടായെ തീരൂ. ഉത്തമരായ രക്ഷിതാക്കളിൽ നിന്നും ജന്മം എടുത്ത മുഹിയുദ്ദീൻ ശൈഖ്(റ)വും രക്ഷിതാവിന്റെ സ്വാധീനത്താൽ ഉന്നതരായ ഇമാം ശാഫി(റ )വും ഇമാം ബുഖാരി (റ)വുമൊക്കെ ചരിത്രത്തിലെ ഉദാഹരണങ്ങളാണ്. ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണല്ലോ ഇമാം ബുഖാരി(റ)ന്റെ അന്ധത നീങ്ങിയത്. മക്കൾക്ക് വേണ്ടിയുള്ള ഉമ്മാന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമുണ്ടെന്ന പ്രവാചക വചനം ഈ വേളയിൽ ഓർത്തു പോവുകയാണ്. നമ്മുടെ സന്താനങ്ങൾ നമ്മുടെ കൺകുളിർമകളായി മാറാനും, നാളെ നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും ആഖിറത്തിൽ നമുക്ക് തണലേകാനും നിമിത്തമാവണേയെന്ന് നമുക്ക് റബ്ബിനോട് തേടാം. ' ഞങ്ങളുടെ രക്ഷിതാവേ, കൺകുളിർമയായ മക്കളെ നീ ഞങ്ങൾക്ക് സമ്മാനിക്കുകയും അവരെ മുത്തഖീങ്ങൾക്ക് നേതാവാക്കുകയും ചെയ്യേണമേ'.
ഖൗലത്ത് ബല്ലാ കടപ്പുറം




COMMENTS